സര്‍ക്കാരാണ് ഉത്തരവാദി

kerala1സ്ഥലം : തൊപ്രാംകുടി വില്ലേജ് ആപ്പീസ്
സമയം : ‘അതി’രാവിലെ 11.30

കുറെ നേരമായി ഞാന്‍ ഈ വില്ലേജ് ആപ്പീസിന്റെ മുന്നിലെ തിണ്ണയിലിരിക്കുകയാണ്. രാവിലെ 9 മണിക്ക് ആപ്പീസ് തുറക്കും. ആ സമയത്ത് തിരക്കുണ്ടാവില്ല. അതു കൊണ്ട് പെട്ടെന്ന് വന്ന് കാര്യം നടത്തി പോകാം എന്നു കരുതിഎട്ടേമുക്കാലിന്റെ ബസില്‍ വീട്ടില്‍ നിന്നു തിരിച്ചതാണ്.

ഓ! ഞാന്‍ ആരാണെന്ന് പരിചയപ്പെടുത്താന്‍ വിട്ടുപോയി.
എന്റെ പേര് ശശി. പോക്കണംകോട്‌ ശശി.
തൊപ്രാംകുടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ അദ്രാമാന്റെ ചായക്കടയുടെ സൈഡിലാണ് വീട്. ഒഫീഷ്യലായി പറഞ്ഞാല്‍ 256-ാം നമ്പര്‍ വീട്.

ഇനി വന്ന കാര്യം പറയാം. മോള് ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായി. ഇനി പ്ലസ്ടുവിന് എവിടെയെങ്കിലും ചേര്‍ക്കണം. ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് കൊടുക്കന്നതോടൊപ്പം, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൂടി കൊടുക്കണമെന്നാണ് പറയുന്നത്. അന്നന്നത്തെ വരുമാനത്തിന് പോലും വഴിമുട്ടി നില്‍ക്കുന്ന എന്റെ കുടുംബത്തിന്റെ വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ്,ഇന്നത്തെ വരുമാനം പോലും മുടക്കിക്കൊണ്ട് അതിരാവിലെ ഇവിടെ എത്തിയത്.

കാലത്ത് കണ്ട കൊച്ചമ്മയോട് കാര്യം പറഞ്ഞു. കുറച്ചു കഴിയുമ്പോള്‍ മാഡം വരും. അപ്പോള്‍ മാഡത്തോട് പറഞ്ഞാല്‍ മതി എന്നു പറഞ്ഞു.

പത്തു മണി ആയപ്പോഴേക്കും വില്ലേജ് ആപ്പീസിന്റെ മുന്‍ഭാഗത്ത് നല്ല തിരക്കായി. ഈതിരക്കുകള്‍ക്കിടയിലും ആപ്പീസ് വളപ്പില്‍ ഇരുചക്ര ശകടം കയറ്റിയിട്ട്, അതിന്‍മേല്‍ കയറിയിരുന്ന് കുറെ പേര്‍ മൊബൈലില്‍ സൊള്ളിക്കൊണ്ട് നില്‍ക്കുന്നുമുണ്ട്.

ദൈവമേ.. എപ്പോഴാണാവോ മാഡം എഴുന്നള്ളുക?

പതിനൊന്ന് മണിയായപ്പോഴേക്കും മാഡം എത്തി. ആപ്പീസില്‍ ആദ്യം എത്തിയത് ഞാനായതു കൊണ്ട്,ആദ്യം ഞാന്‍ തന്നെ മാഡത്തെ കണ്ട് കാര്യം പറഞ്ഞു.

‘റേഷന്‍ കാര്‍ഡ് കൊണ്ടു വന്നിട്ടുണ്ടോ?’
ഞാന്‍ കാര്‍ഡ് എടുത്ത് മാഡത്തിന് കൊടുത്തു.

മാഡം കാര്‍ഡ് വാങ്ങി നോക്കി. വേറൊരു ഫോമില്‍ എന്തൊക്കെയോ എഴുതി. എന്നിട്ട് പറഞ്ഞു.

‘പൊറത്ത് വെയ്റ്റ് ചെയ്യുക. സാര്‍ വന്നിട്ട് ഒപ്പിടീക്കണം.’

ആ ഫോമുമായി പൊറത്ത് വെയ്റ്റ് ചെയ്യുകയാണ് ഞാനിപ്പോള്‍.

ദേഷ്യവും കലിയും മനസ്സില്‍ തോന്നുന്നുണ്ട്. മോള്‍ടെ അഡ്മിഷന്റെ കാര്യമായതിനാലാണ്. അല്ലെങ്കില്‍ മാഡത്തേയും, സാറിനേയും രണ്ട് ‘വര്‍ത്താനം’ പറയണമെന്നുണ്ടായിരുന്നു.

എന്തായാലും സാറ് വരട്ടെ. ഒരു വാക്ക് ചോദിച്ചിട്ട് തന്നെ കാര്യം..

കുറച്ചു കഴിഞ്ഞപ്പോള്‍, പുറത്ത് ബൈക്കില്‍ സൊള്ളിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ നേരെ ഉള്ളിലേക്ക് കയറി ‘സാറി’ന്റെ ചെയറില്‍ വന്നിരുന്നു. ആദ്യം കണ്ട കൊച്ചമ്മ എന്റെ അടുത്തു വന്നു പറഞ്ഞു.

‘സാര്‍ എത്തീട്ടുണ്ട്. വേഗം പോയി ഒപ്പിടീച്ചോ..’

ഈശ്വരാ..! ഇയാളായിരുന്നോ സാര്‍!!! ആപ്പീസിന്റെ മുറ്റം മുഴുവന്‍ ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞത് കണ്ടിട്ടും ആരോടോ ഫോണില്‍ സൊള്ളിക്കൊണ്ടിരിക്കുകയായിരുന്നു, ഈ …… സാര്‍.

ഞാന്‍ നേരെ ഉള്ളിലേക്ക് കയറി. കൈയ്യിലുണ്ടായിരുന്ന ഫോം സാറിന്റെ മുന്നിലേക്ക് നീട്ടി.

വേഗം വാങ്ങി ഒപ്പിട്ട് തിരികെ തന്നു.

‘അല്ല സാര്‍, സാര്‍ കുറെ നേരമായി പുറത്തു നിന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ. ഇത്രേമധികം ആളുകള്‍ ഇവിടെ വെയ്റ്റ് ചെയ്യുന്നത് കണ്ടില്ലേ..?’

‘ഡ്യൂട്ടി സമയത്ത് മൊബൈലില്‍ സംസാരിക്കരുതെന്നാ നിങ്ങടെ സര്‍ക്കാരിന്റെ ഉത്തരവ്’
‘അപ്പോ സാര്‍ പുറത്തു നിന്ന്…’
‘എടോ ഞാന്‍ ഇതിന്റെ ഉള്ളീല്‍ കേറുമ്പോഴാ എന്റെ ഡ്യൂട്ടി ആരംഭിക്കുക. ഡ്യൂട്ടിക്ക എത്രമണിക്ക കേറണം എന്ന് സര്‍ക്കാര്‍ ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലല്ലോ…’
‘ഓ…!!’

ശരിയാണ്.. തെറ്റ് നമ്മുടെ സര്‍ക്കാരിന്റെ തന്നെയാണ്.
ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*