വെടിക്കെട്ടുകളുടെ 2010
സുദീം ആര്‍ എസ്
315 ദിവസവും വെടിവട്ടമായിരുന്നത് കൊണ്ട് 2010 വെടി തീര്‍ന്നത് അറിഞ്ഞില്ല്. കതിനയും, അമിട്ടും, ഏറു പടക്കവും, ഉണ്ടയില്ലാവെടിയുമൊക്കെയായി അത്രക്കു കെങ്കേമമായിരുന്നു പൂരം.
ദേശീയ തലത്തില്‍ പ്രധാന കമ്പനക്കെട്ട് തികച്ചും പുതിയൊരു ഭൂതത്തിന്‍റെ പേരിലായിരുന്നു - അഴിമതി. ഇന്ത്യാക്കാരാരും കേട്ടിട്ടില്ലാത്ത അങ്ങനെയൊരു ഭൂതം നടാടെ നമ്മുടെ സല്‍ഗുണ സമ്പന്ന സ്വര്‍ഗ്ഗ രാജ്യത്ത് ലാന്‍ഡ് ചെയ്തിരിക്കുന്നു എന്നായിരുന്നു സര്‍ദാര്‍ജി & കമ്പനിയുടെ ധാര്‍മ്മികാതിസാരം. കോമണ്‍വെല്‍ത്ത് കളിക്കാന്‍ വന്ന സായ്പ്പന്‍മാരുടെ ക്ലോസറ്റില്‍ ഇന്ത്യന്‍ കാഷ്ടം കണ്ടെത്തിയതോടെയാണ് ഭൂതത്തെക്കുറിച്ച് സംപ്രേഷണം തുടങ്ങിയത്. കല്‍മാഡി എന്ന പരിശുദ്ധാത്മാവിനെ ഭൂതം ആദ്യം പിടിച്ചു.
അടുത്ത റൗണ്ടില്‍ 2ജി സ്പെക്ട്രം എന്ന വായുഗുളിക വെച്ചായി ആളെപ്പിടുത്തം.
തമിഴ് മക്കളുടെ കണ്‍കണ്ട രണ്ടു ദൈവങ്ങളില്‍ ഒന്നാമത്തേതായ കലൈഞ്ചര്‍, ടിയാന്‍റെ പെരിയ വീട്ടുകാരും ചിന്ന വീട്ടുകാരും ഈ ഭൂത സേവയില്‍ അമക്കിയത് ലക്ഷം കോടി. ഈ ഭൂത ഗണങ്ങളില്‍ ചിന്നനായ രാജ വെടിമുഴക്കി താനമക്കിയത് മുമ്പിരുന്നവരുടെ ഫോട്ടോസ്റ്റാറ്റ് മാത്രമാണെന്ന്. അതോടെ സ്പക്ട്രം കലത്തില്‍ കൈയ്യിട്ടവരെ തൊടാതെ കാല്‍ നട പറ്റാതായി..
അതെന്തായാലും മന്ത്രിമാരെ നിശ്ചയിക്കുന്നത് സര്‍ദാര്‍ജിയല്ല, മാഡംജിയല്ല. ഒരു ബ്രോക്കറേടത്തിയാണെന്ന സത്യം ഈ വെടിവട്ടത്തിനിടെ നാട്ടുകാര്‍ക്ക് സൗജന്യമായിക്കിട്ടി. ചിന്ന രാജ പണ്ടൊരു ജഡ്ജിക്ക് കത്ത് വിട്ടെന്നും അടുത്ത വെടി. എന്തായാലും ജെ.പി.സിക്ക് തീ കൊളുത്തിയാല്‍ എന്തൊക്കെ പൊട്ടുമെന്ന് നമുക്ക് കാത്തിരിക്കാം.
ഇതിന് മുമ്പ് മറ്റൊരു വെടി പൊട്ടി ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ കോട്ടക്കല്‍ വൈദ്യരും, നാട്ടു വൈദ്യന്‍മാരും മറ്റും നടത്തിയിരുന്ന ഉഴിച്ചില്‍. മദാമ്മയും സായിപ്പും അടിക്കടി ഇവിടെ വന്ന് പോയി. അങ്ങനെ അവര്‍ക്കും ഉഴിച്ചില്‍ വശമായി. പക്ഷെ, അങ്കിള്‍ സാം പരീക്ഷിച്ചത് സന്ദര്‍ശനത്തിന് ചെന്ന ഷാരൂഖ് ഖാനെയും അബ്ദുല്‍ കലാമിനെയും മീരാശങ്കറിന്‍റെയും ദേഹത്തായിരുന്നു. നമ്മള്‍ കണ്ണടച്ചു, കാരണം സഖ്യകക്ഷികളാണല്ലോ.
അടുത്ത വെടി നമ്മള്‍ പത്രങ്ങളില്‍ കണ്ടത് "ഹെഡ് ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക്". ഇവിടെ തിരിച്ചു വന്ന സി.ഐ.ഡി മേധാവി ത്രേസ്യാമ്മ ജോണിനോട് പത്രക്കാര്‍ : എത്ര ചോദ്യമുണ്ടായിരുന്നു? അതെല്ലാം ഇവിടെ നിന്നും തയ്യാറാക്കിയതാണോ?
ത്രേസ്യ: പത്ത് എണ്ണം ഉണ്ടായിരുന്നു. പിന്നെ അമേരിക്കയില്‍ നമ്മള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ പറ്റൂല്ല. അവിടത്തെ പോലീസ് എഴുതിത്തരും. നമ്മള്‍ ചോദിക്കും. വളരെ എളുപ്പം.
ചോദ്യം ചോദിച്ചു. പക്ഷെ, അതെന്താണെന്നോ, മറുപടിയെന്തെന്നോ നമ്മളാരും അറിഞ്ഞില്ല. അറിയുകയുമില്ല. കാരണം, നമ്മള്‍ ചോദിച്ചത് ഹിന്ദിയിലും മറുപടി ഇംഗ്ലീഷിലുമായിരുന്നു. പ്രതിപക്ഷം ബഹളം വെച്ചു, ചോദ്യം ചെയ്യണം. ചെയ്യണം... പോയി... ഇറങ്ങി.. കണ്ടു... ചോദിച്ചു... പോന്നു.... അങ്ങിനെ ആ വെടിക്കെട്ടും തീര്‍ന്നു.
2010 മാഡംജിയുടെ ഉണ്ടയില്ലാ വെടികള്‍ പൂത്തുലഞ്ഞ കൊല്ലം കൂടിയായിരുന്നു. 125 വയസ്സായ കിളവി പാര്‍ട്ടിയെ മിസ്സ് ഇന്ത്യ ആക്കുമെന്നായിരുന്നു ആദ്യത്തെ കതിന. അതിനു മരുന്നു നിറക്കാന്‍ 'മോന്‍'ജിയെ ടാലന്‍റ് പരീക്ഷ, ഐക്യു ടെസ്റ്റ്, പദപ്രശ്നമത്സരം..... ആദ്യം ബീഹാറിലിട്ടു തൂറ്റി. അടുത്തത് 2011-ല്‍ കാണാം.
പിന്നെ, മമ്മി & മോന്‍ സംഘടനാ തിരഞ്ഞെടുപ്പിനിറങ്ങി. ആരവിടെ, നാമനിര്‍ദ്ദേശം നടക്കട്ടെ എന്നായി അരുളപ്പാട്. ആദ്യ നാമം മമ്മി തന്നെ എഴുതി. 'സോണിയാജി'. അന്തോണിജി മുതല്‍ മുഖര്‍ജി വരെയുള്ള കോര്‍ ഗ്രൂപ്പുകള്‍ പിന്താങ്ങി. ചെന്നിത്തല തൊട്ട് 24 പിസിസികളിലെയും ചെന്നിത്തലകള്‍ അറ്റന്‍ഷനായി നിന്ന് നാമ നിര്‍ദ്ദേശ പട്ടികകള്‍ മേല്‍പ്പോട്ട് സ്പീഡ് പോസ്റ്റ് ചെയ്തു. എന്തൊരത്ഭുതം എല്ലാത്തിലും ഒരേ നാമം. പേരു പറയില്ല. ക്ലൂ തരാം. സോണിയാജിയിലുണ്ട്, രാഹുലിലില്ല. മാഡത്തിലുണ്ട്, മേഘത്തിലില്ല.
എല്ലാരും കൂടി ദേശീയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തപ്പോള്‍ പ്രസിഡന്‍റും അതേ നാണയമെന്ന റൂട്ടില്‍, സമാന്തരരെ തിരിച്ചുമങ്ങ് തിരഞ്ഞെടുത്തു. തിരുവനോന്തരത്ത് ഒരു നേരത്ത് ചെന്നിത്തലജി തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരു കസേര പിന്നാമ്പുറത്ത് മുട്ടുന്നു. തിരിഞ്ഞ് നോക്കിയപ്പോ, മഹാത്ഭുതം. തന്‍റെ പിന്നാമ്പുറം കെ.പി.സി.സി കസേരയിലിരിക്കുന്നു. പഴയപടി 24 ചെന്നിത്തലകളും അങ്ങനെ തന്നെ.
ഇനി ലോക്കല്‍ വെടിവട്ടത്തെ അവഗണിക്കാമോ? നെവര്‍... അത് ആദ്യം വെള്ളിത്തിരയിലെ തിലകന്‍ജി, സൂപ്പര്‍ സ്റ്റാറുകള്‍ക്ക് നേരെയായിരുന്നു. കേട്ടപാതി ഉണ്ടയില്ലാ വെടി സ്പെഷ്യലിസ്റ്റ് അഴീക്കോട്ജി ഒറ്റത്തുപ്പാക്കിയെടുത്തിറങ്ങി. വെടിപൊട്ടി.. മോഹന്‍ലാല്‍ജി പിന്നാമ്പുറം തിരുമ്മി. നാട്ടാര്‍ക്കും മനസ്സിലായി, വെടി കൊണ്ടു. ടിയാന്‍ അഴീക്കോടിന് മറുവെടി പൊട്ടിച്ചു. അതു പിന്നെ പൂരം വെടിക്കെട്ടായി പന്തലിക്കെ, അരിവാള്‍ പക്ഷം രണ്ടായി. ഫാന്‍സ് വാനരപ്പടയിങ്ങി. കേസായി.. പുകിലായി.. മമ്മൂട്ടിയുടെ ബഡായി.. ഇന്നച്ചന്‍റെ ഉഡായിപ്പ്... ചുരുക്കത്തില്‍ സിനിമാക്കാരുടെ മേക്കപ്പിളകി. തത്വമസി മാളോര്‍ക്ക് ബോധ്യമായി. അങ്ങനെ അഴീക്കോടിനെ കൊണ്ട് വയസ്സുകാലത്ത് പ്രയോജനമുണ്ടായി. പുകയായത്, ഈ വെടി തുടങ്ങിവെച്ച വിദ്വാന്‍ തിലകന്‍..
രാഷ്ട്രീയത്തിലെ കതിനാ വെടിക്കാരും ഒട്ടും നിരാശപ്പെടുത്തിയില്ല. വെടിക്കുമേല്‍ ലോട്ടറിയിറക്കിയാണ് തോമസ് വീരാളിപ്പട്ടം കെട്ടിയത്. പക്ഷെ, സതീശന്‍റെ പൂഴിക്കടകനില്‍ അത് അഴിഞ്ഞു വീണു. ഐസക്ക് വെടിക്കുറ്റിയും എടുത്ത് സ്ഥലം കാലിയാക്കാന്‍ നോക്കിയപ്പോഴാണ് കേന്ദ്രത്തില്‍ നിന്ന് സാങ് വി വക്കീലിന്‍റെ വരവ്. കോണ്‍ഗ്രസിലെ വെടി വീരന്‍മാര്‍ ഗോപി വരച്ചു. അതു കൊണ്ട് ഭൂട്ടാന്‍ ലോട്ടറി കേരളത്തെ ദീപാവലി കുളിപ്പിച്ചത് മിച്ചം.
തോമസ് മാഷ് സ്വന്തം നിലക്ക് രണ്ട് വെടി പൊട്ടിച്ചു. സോണിയാജിക്ക് ഹാപ്പി ബര്‍ത്ത്ഡേ പറയാന്‍ കൊണ്ടു പോയ വെടി ചീറ്റി. പക്ഷെ രണ്ടാമത്തേത് തോറ്റു - എന്‍റോസള്‍ഫാന്‍. മന്ത്രിയുടെ വെടിയും പൊക്കിപ്പിടിച്ച് നല്ല പുകിലായി. കാസര്‍കോഡ് അങ്ങിനെ ദേശീയ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു.
അടുത്തത് തെരുവു യോഗം വിലക്കിയ കോടതി വിധിയില്‍.. കണ്ണൂര്‍ ഡൈനാമിറ്റ് ജയരാജന്‍ വെടിപ്പുരക്ക് തന്നെ തീ കൊളുത്തി. കോടതി വിധി വന്നാല്‍ അറിയാം. ഠമാര്‍ ഠമാര്‍ ... ബാക്കി പൊട്ടല്‍...
ഭരണമില്ലാത്തപ്പോള്‍ കുഞ്ഞിമാണിച്ചനും തൊടുപുഴയില്‍ പാട്ടു കേട്ടിരുന്നപ്പോള്‍ ഔസേപ്പച്ചനും കൂടി ക്രിസ്താബ്ദ്വം 2010-ല്‍ ലോക ചരിത്രത്തില്‍ തന്നെ തങ്കലിപി ഒത്തു കിട്ടി- കേരള കോണ്‍ഗ്രസ് ലയനം. ഇതിനൊരു പ്രത്യേകതയുണ്ട്. 2010-ല്‍ ലയനമുണ്ടാകുമെന്ന് കാനോന്‍ കാലത്ത് അരുള്‍പ്പാടുള്ളതാണ്.
കോതമംഗലം വെടിക്കെട്ട് മഹോത്സവമായിരുന്നു വ്യത്യസ്ഥ വെടിവട്ടം. കൈവെട്ടിയവനും കൈ അറ്റവനും തമ്മലല്ല പയറ്റ്. ഭീകര പ്രവര്‍ത്തനത്തിലെ ഉപന്യാസ വിദഗ്ദനും, തിരു സഭയിലെ കച്ചവട വിരുതരും തൊട്ട് ആടുതലികളുടെ നില അതി വിപുലമാണ്. അതുകൊണ്ടു തന്നെ ഈ വെടിവട്ടം ബോറഡിയില്ലാത്തൊരു ആസ്വാദന ഭാവി വാഗ്ദാനം ചെയ്യുന്നു.
ലീഡറുടെ ലാസ്റ്റ് എപ്പിസോഡ്, നായനാരുടെ ജഡ ഘോഷയത്ര വെച്ച് പണ്ട് സഖാക്കള്‍ മൈലേജുണ്ടാക്കിയ കണ്ണീര്‍വാതക പ്രയോഗത്തെ വെല്ലുന്ന തകര്‍പ്പന്‍ പ്രകടനം. കീരിയും പാമ്പും പൂച്ചയും എലിയുമെല്ലാം വണ്ടിയില്‍ ചാടിക്കയറി. വഴിനീളെ റ്റാറ്റ വീശി. തെരുവിലും ചാനലിലും ലീഡര്‍ മഹാത്മ്യം. ഇതിലും വലിയൊരു മഹാത്മാവ് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുമില്ലെന്ന മട്ടിലായി ത്രിദിന വെടിവട്ടം. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത കിടിലന്‍ മാര്‍ക്കറ്റിംഗ്. അതിന്‍റെ മൈലേജ് മുരളിമോനും ഉണ്ടാവുമോ എന്നാണിനി കാണാനിരിക്കുന്ന പൂരം.
അതു കൊണ്ടു തന്നെ പുതുവര്‍ഷം തികച്ചും വെടിശോഭിതമായി.